
ആലുവ: കേരളത്തിലെ ജനമൈത്രി പൊലീസ് സ്റ്റേഷനുകളെല്ലാം ജനവിരുദ്ധ സ്റ്റേഷനുകളായി മാറിയെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സുമിത്ത് ജോർജ്ജ് ആരോപിച്ചു. പൊലീസ് തേർവാഴ്ച്ചയ്ക്കെതിരെ ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റി ആലുവ എസ്.പി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും കുത്തഴിഞ്ഞ ആഭ്യന്തരവകുപ്പ് ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. പരാതിക്കാരെ പോലും വിളിച്ചുവരുത്തി മർദ്ദിക്കുകയാണ്. പൊലീസ് കംപ്ളയിന്റ് അതോറിട്ടിയെല്ലാം നോക്കുകുത്തിയായി മാറിയെന്നും സുമിത്ത് ജോർജ് കുറ്റപ്പെടുത്തി.
ആലുവ ജില്ലാ ആശുപത്രി കവലയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് മുനിസിപ്പൽ ഗ്രൗണ്ടിന് മുൻവശം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ജനറൽ സെക്രട്ടറിമാരായ വി.കെ. ബസിത് കുമാർ, ഷാജി മൂത്തേടൻ, എം.എം. ഉല്ലാസ് കുമാർ, മേഖല വൈസ് പ്രസിഡന്റുമാരായ കെ.പി. രാജശേഖരൻ, എൻ.പി. ശങ്കരൻകുട്ടി, എം.എൻ. ഗോപി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. അനിൽകുമാർ, ടി.ജി. വിജയൻ, പ്രമോദ് തൃക്കാക്കര, എ. സെന്തിൽകുമാർ, സെക്രട്ടറിമാരായ എൻ. മനോജ്, അനിലയ, ശശികല, ട്രഷറർ രൂപേഷ് പൊയ്യാട്ട്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജുവാൻ തെറ്റയിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കൽ, സേതുരാജ് ദേശം, വി.വി ഷൺമുഖൻ, എബിൻരാജ്, ജെയ്‌സൺ പുല്ലുവഴി, ബിന്ദു ആനന്ദ്, എ.എസ്. സലിമോൻ, ശ്രീവിദ്യ ബൈജു എന്നിവർ നേതൃത്വം നൽകി.