ആലുവ: ജില്ലാ പൊലീസ് ആസ്ഥാനത്തെ സൈബർ സെല്ലിൽ ഉണ്ടായ അഗ്നിബാധയിൽ സെർവർ ഉൾപ്പെടെ തകരാറിലായി. ശ്വാസതടസം നേരിട്ട സൈബർ സെല്ലിലെ സി.പി.ഒ ഷിബുവിനെ (35) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലാണ് സൈബർ സെൽ പ്രവർത്തിക്കുന്നത്. തൊട്ടുചേർന്ന മുറിയിൽ റൂറൽ ജില്ലാ ലീഗൽ സെല്ലുമുണ്ട്. രണ്ടിടത്തും ഒരാൾ വീതം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവർ ഉറക്കത്തിലായിരുന്നു. മുറിയിൽ തീയും പുകയും വന്നപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിബു ഉറക്കമുണർന്നത്.

ഓഫീസിലെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീയണക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ആലുവ അഗ്നിശമന സേനയെത്തി ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. സൈബർ സെല്ലിലെ എ.സിയും അഗ്നിക്കിരയായി. റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും തെളിവുകളുമാണ് സൈബർ സെല്ലിന്റെ സെർവറിലുള്ളത്.