crime

മൂവാറ്റുപുഴ: പെരുമറ്റം മില്ലുംപടി ഭാഗത്ത് ചേനക്കരകുന്നേൽ വീട്ടിൽ നിബുനിനെ (അപ്പു,​ 38) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്‌.

മേയിൽ പായിപ്ര പോയാലി മില്ലുംപടി ജംഗ്ഷനിലെ ഗോഡൗണിന്റെ തകര ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് മൊബൈൽ ടവർ നിർമാണ ഉപകരങ്ങൾ മോഷ്ടിച്ചതിന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ എസ്.എൻ സുമിത, അസി. സബ്ബ് ഇൻസ്പെക്ടർമാരായ എം.കെ ഗിരിജ, പോൾ മാത്യു,​ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.