പറവൂർ: തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായ വിവരങ്ങൾ നൽകിയതിനാലും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് എസ്.സി, എസ്.ടി സംവരണസീറ്റായ പതിമൂന്നാം വാർഡ് അംഗമായി തിരഞ്ഞെടുത്ത കോൺഗ്രസ് സ്ഥാനാർത്ഥി എം.കെ. ബാബുവിന്റെ അംഗത്വം പറവൂർ മുനിസിഫ് കോടതി റദ്ദാക്കി. രണ്ടാം സ്ഥാനത്തെത്തിയ സി.പി.എം സ്ഥാനാർത്ഥി പി.എ. ജയലാലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. കോടതി ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷനേയും പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കണം. തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ ചെലവുകളും എം.കെ. ബാബുവിൽനിന്നും റിട്ടേണിംഗ് ഓഫീസറിൽനിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
എടയാർ വ്യവസായമേഖലയിൽ ബാബുവിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരുന്നു. വ്യവസായവകുപ്പിൽനിന്ന് വായ്പയെടുത്ത് സംരംഭം നടത്തിവന്നിരുന്ന ബാബു നാമനിർദ്ദേശപത്രികയിൽ ഈ വിവരം മറച്ചുവച്ച് കർഷകത്തൊഴിലാളിയാണെന്ന് രേഖപ്പെടുത്തി. സൂക്ഷ്മപരിശോധന വേളയിൽ ഈ വിവരങ്ങൾ തെറ്റാണെന്ന് കാണിച്ച് റിട്ടേണിംഗ് ഓഫീസർക്ക് ജയലാൽ രേഖാമൂലം പരാതി നൽകിയെങ്കിലും അംഗീകരിച്ചില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
അഭിഭാഷകരായ എം.ജി. ജീവൻ, ലെവിൻ വർഗീസ് മേനാച്ചേരി എന്നിവർ ഹർജിക്കാരനുവേണ്ടി ഹാജരായി.