kumbos
കുമ്പളങ്ങി പഞ്ചായത്തിന്റെ മാലിന്യസംസ്കരണ യൂണിറ്റിൽ ഉത്പാദിപ്പിച്ച ബ്രാൻഡഡ് ജൈവവളം

കൊച്ചി: മാലിന്യസംസ്കരണ യൂണിറ്റിൽ ഉത്പാദിപ്പിച്ച ജൈവവളവുമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്. കുമ്പളങ്ങി ശുചിത്വതീരം പാർക്കിലുള്ള തുമ്പൂർമുഴി ജൈവമാലിന്യ സംസ്‌കരണ യൂണിറ്റാണ് ‘കുംബോസ്’എന്ന പേരിൽ ജൈവവളം ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചത്.

ഓഡിറ്റോറിയങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ, ആഘോഷ പരിപാടികൾ, റിസോർട്ടുകൾ എന്നിവടങ്ങളിൽ നിന്നാണ് ജൈവവളം ഉത്പാദനത്തിന് ആവശ്യമായ മാലിന്യം ശേഖരിക്കുന്നത്. മൂന്ന് ടൺ ശേഷിയുള്ള ആറ് യൂണിറ്റുകളാണ് പഞ്ചായത്തിൽ നിലവിലുള്ളത്. യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിന് നിശ്ചിതവരുമാനവും ലഭിക്കുന്നു.

‘എക്കോനോവ ഗ്രീൻ സൊല്യൂഷൻസ്’ എന്ന സ്ഥാപവുമായി ചേർന്നാണ് പഞ്ചായത്തിന്റെ ഈ സംരംഭം. തദ്ദേശസ്വയംഭരണവകുപ്പ് സംഘടിപ്പിച്ച വൃത്തി കോൺക്ലേവിൽ കുമ്പളങ്ങി പഞ്ചായത്ത് മികച്ച ജൈവമാലിന്യ സംസ്‌കരണ മാതൃക അവതരിപ്പിച്ചിരുന്നു. ‘മാലിന്യമുക്ത നവകേരളം’കാമ്പെയിനിൽ ജില്ലയിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റിതല ജൈവമാലിന്യ സംസ്‌കരണ യൂണിറ്റിനുള്ള അംഗീകാരവും പഞ്ചായത്തിനായിരുന്നു. ഹരിതകർമസേനവഴി അജൈവ പാഴ്‌വസ്തു ശേഖരണത്തിൽ നൂറുശതമാനം ലക്ഷ്യംകൈവരിക്കാനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.