കൊച്ചി: 'ജനമൈത്രി" എന്നത് പേരിൽമാത്രം ഒതുക്കി
സംസ്ഥാനത്ത് പൊലീസ് രാജ് അരങ്ങേറുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ ലോക്കപ്പ് മർദ്ദനങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിൽ നടക്കുന്ന കിരാത മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.കെഎസ്. ഷൈജു അദ്ധ്യക്ഷനായി​.

സംസ്ഥാന സഹട്രഷറർ എ. അനൂപ്, സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, അഡ്വ.ടി.പി. സിന്ധുമോൾ, മേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, സംസ്ഥാനസമിതി അംഗങ്ങളായ എസ്.ആർ. ബിജു, പദ്മജ എസ്. മേനോൻ, പി.വി. അതികായൻ തുടങ്ങിയവർ പ്രസംഗിച്ചു.

മേനക ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സെന്റ് തേരേസാസ് കോളേജിനുമുന്നിൽ ബാരിക്കേഡ് വച്ച് തടഞ്ഞ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് പലപ്രാവശ്യം പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു. പിന്നീട് നേതാക്കൾ ഉൾപ്പടെ പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. പ്രസ്റ്റി പ്രസന്നൻ, ശിവകുമാർ കമ്മത്ത്, ബിനുമോൻ, ബീന, കെ.കെ. വേലായുധൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.