jayalal
പി.എ. ജയലാൽ ഡൽഹിയിൽ നടന്ന ചടങ്ങിൽ ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. അംബേദ്കർ ഫെലോഷിപ്പ് ഏറ്റുവാങ്ങിയപ്പോൾ (ഫയൽ ചിത്രം)

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ലഭിച്ച യു.ഡി.എഫിന് കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ ലഭിച്ച കനത്ത തിരിച്ചടിയാണ് പറവൂർ സെഷൻസ് കോടതി വിധി. ഇതോടെ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിനേക്കാൾ ഒരാളുടെ അധികപിന്തുണ എൽ.ഡി.എഫിനായി. ത്രിതല തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനംകൂടി നഷ്ടമാകുന്നത് യു.ഡി.എഫിന് ക്ഷീണമാകും.

21 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ടുവീതം അംഗങ്ങളാണുണ്ടായിരുന്നത്. ബി.ജെ.പിക്ക് മൂന്നും എസ്.ഡി.പി.ഐക്ക് രണ്ടും അംഗങ്ങളുണ്ട്. ത്രിതല തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും എസ്.ഡി.പി.ഐയും വിട്ടുനിന്നതോടെ ഇരുമുന്നണികൾക്കും തുല്യം വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ സുരേഷ് മുട്ടത്തിലിനും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐയിലെ രാജലക്ഷ്മിക്കും ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്ത് സി.പി.എം സ്ഥാനാർത്ഥി വി.കെ. ശിവനായിരുന്നു. നറുക്കെടുപ്പിലൂടെ ലഭിച്ച സ്ഥാനങ്ങളാണെങ്കിലും അവിശ്വാസമൊന്നും നേരിടാതെയാണ് ഇതുവരെ ഭരിച്ചത്. ഭരണവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഉണ്ടായെങ്കിലും അതൊന്നും ഭരണമാറ്റത്തിന് വഴിവച്ചിരുന്നില്ല.

എസ്.സി, എസ്.ടി സംവരണ സംവരണ വാർഡായ 13-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എം.കെ. ബാബു നാമനിർദ്ദേശപത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും ആരോപിച്ച് പത്രിക സൂക്ഷ്മ പരിശോധന വേളയിൽത്തന്നെ എതിർസ്ഥാനാർത്ഥി പി.എ. ജയലാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അനുകൂലവിധി ലഭിക്കാത്തതിനെ തുടർന്ന് അഞ്ച് വർഷത്തോളം പറവൂർ കോടതിയിൽ നടത്തിയ നിയമയുദ്ധത്തിലാണ് അനുകൂല വിധിയുണ്ടായത്.

മുൻ പഞ്ചായത്ത് അംഗം കൂടിയായ പി.എ. ജയലാൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണ്. മജീഷ്യൻകൂടിയായ ജയലാൽ ജീവകാരുണ്യ മേഖലയിലും നിറസാന്നിദ്ധ്യമാണ്. ലഹരിക്കെതിരെ നടത്തിയ പോരാട്ടവും ശ്രദ്ധേയമായിരുന്നു. സി.എം.ആർ.എൽ കമ്പനിയിലെ തൊഴിലാളിയാണ്. സാക്ഷരതാ പ്രവർത്തകനായിരുന്നു. കൊവിഡ് - പ്രളയകാലത്തെല്ലാം നാട്ടിൽ സജീവമായിരുന്നു. ഡോ. അംബേദ്കർ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഹൈക്കോടതിയെ സമീപിക്കും: പ്രസി‌ഡന്റ്

എം.കെ. ബാബുവിനെ അയോഗ്യനാക്കിയുള്ള പറവൂർ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. പറവൂർ കോടതിയുടെ ഉത്തരവ് ലഭിച്ചാലുടൻ ഹൈക്കോടതിയെ സമീപിക്കും.