കൊച്ചി: മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കാൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന
ജില്ലാതല നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. മലയാറ്റൂർ, കോതമംഗലം, മൂന്നാർ എന്നീ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലായി ഇലക്ട്രിക് ഫെൻസിംഗ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും കരാറുകാരുടെയും സംയുക്തയോഗം വിളിച്ച് പദ്ധതി പുരോഗതി വിലയിരുത്തും.
വനമേഖലയുമായി ചേർന്നു കിടക്കുന്ന റോഡുകളുടെ വശങ്ങളിലും നിലവിൽ ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചിട്ടുള്ള മേഖലകളിലും അടിക്കാടുകൾ വെട്ടേണ്ടത് അനിവാര്യമാണെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രവൃത്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക യോഗം ചേരും.
ഓൺലൈനായി നടന്ന യോഗത്തിൽ എം.എൽ.എമാരായ റോജി എം. ജോൺ, ആന്റണി ജോൺ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പുലിക്കൂടും ആന്റിവെനവും ക്രമീകരിക്കണം
പുലിയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന മേഖലകളിൽ എത്രയും വേഗം കൂടുകൾ സ്ഥാപിക്കണമെന്ന് യോഗത്തിൽ നിർദ്ദേശമുണ്ടായി. താലൂക്ക്, ബ്ലോക്ക് തലത്തിൽ പാമ്പ് വിഷത്തിനെതിരെയുള്ള ആന്റി വെനം ക്രമീകരിക്കണം. പാമ്പ് വിഷം സംബന്ധിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മരുന്ന് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും യോഗം നിർദ്ദേശിച്ചു.