പറവൂർ: സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി പരിസരം വൃത്തിയാക്കുകയായിരുന്ന രണ്ട് പുല്ലുവെട്ട് തൊഴിലാളികളെ ബ്ളേഡുകൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചു. കരിമ്പാടം സ്വദേശി അനൂപ്, വടക്കുംപുറം സ്വദേശി അലക്സ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ പലേടത്തും മുറിവേറ്റങ്കിലും ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. ഇവരുടെ മൊഴിയിൽ പറവൂർ സ്വദേശി മനോജിനെതിരെ പറവൂർ പൊലീസ് കേസെടുത്തു.

ഇന്നലെ മുതൽ ഒരു സിനിമയുടെ രണ്ടാംഭാഗം ചിത്രീകരണം തുടങ്ങുന്നതിന്റെ ഭാഗമായി പറവൂർ ലക്ഷ്മി കോളേജിന് മുന്നിൽ പുല്ല് വെട്ടുകയായിരുന്നു അനൂപും അലക്സും. ഇവിടെവച്ച് മനോജ് മറ്റൊരാളുമായി വാക്കുതർക്കമുണ്ടാക്കി. പിന്നീട് ഇവിടെനിന്ന് പോയ ഇയാൾ തിരിച്ചെത്തുകയും പ്രകോപനമൊന്നുമില്ലാതെ ബ്ലേഡ് ഉപയോഗിച്ച് അനൂപിനെയും അലക്സിനെയും മുറിവേൽപ്പിക്കയായിരുന്നു. മനോജ് മുമ്പ് പല കേസുകളിലും പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.