കാക്കനാട്: കാക്കനാട് ചിറ്റേത്തുകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് 8 മണിയോടെ കുന്നപ്പിള്ളി വീട്ടിൽ ലത്തീഫിന്റെ മകൻ അജിനാണ് (19) മർദ്ദനമേറ്റത്. ചിറ്റേത്തുകര ജംഗ്ഷന് സമീപത്തെ കടയിൽ അജിൻ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കാറിലെത്തിയ ചിറ്റേത്തുകര മേത്തർ ഫ്ലാറ്റിൽ താമസിക്കുന്ന സോണൽ സന്തോഷ് വാഹനത്തിലിരുന്ന് സിഗരറ്റ് ആവശ്യപ്പെട്ടു. കടയുടെ ഉടമ ഞാനല്ലെന്നും ആവശ്യമുണ്ടെങ്കിൽ ഇറങ്ങിവന്ന് സിഗരറ്റ് വാങ്ങിക്കൂവെന്നും പറഞ്ഞതോടെ സോണൽ സന്തോഷ് കാറിൽ നിന്നിറങ്ങി അജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അജിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണൽ സന്തോഷ് മദ്യലഹരിയിലായിരുന്നെന്നും നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു. ഇൻഫോപാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.