കൊച്ചി: ബയോമാലിന്യ സംസ്‌കരണത്തിന് ഏർപ്പെടുത്തിയിരുന്ന സബ്‌സിഡി വിവിധ ഏജൻസികൾ നിറുത്തലാക്കിയത് പുന:പരിശോധിക്കണമെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു
കൊച്ചി കോർപ്പറേഷൻ ഗാർഹിക ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ആക്രി ആപ്പിലൂടെ സബ്‌സിഡി നിരക്കിൽ കിലോയ്ക്ക് 12 രൂപയാണ് ഈടാക്കിയിരുന്നത്. കോർപ്പറേഷൻ കൗൺസിൽപോലും അറിയാതെ സബ്‌സിഡി പൂർണമായി ഒഴിവാക്കി ഒരു കിലോ ഡയപ്പർ ശേഖരിക്കുന്നതിന് 50 രൂപ വരെയാണ് ഏജൻസികൾ ഈടാക്കുന്നത്.
ബ്രഹ്മപുരത്ത് സ്ഥാപിച്ച ഇൻസുലേറ്റർ പ്രവർത്തനരഹിതമാണ്. ഇതുവഴി സ്വകാര്യ ഏജൻസികളെ സഹായിക്കാനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നതെന്ന് യോഗം ആരോപിച്ചു
യോഗം സംസ്ഥാന പ്രസിഡന്റ് ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, വൈസ് ചെയർമാൻ സേവ്യർ തായങ്കേരി, സെക്രട്ടറി അയൂബ് മേലേടത്ത്, ടി.എൻ. പ്രതാപൻ, ജില്ലാ ഭാരവാഹികളായ കെ.എസ്. ദിലിപ്കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.