
കൊച്ചി: ദേവസ്വം ബോർഡുകൾ നിയമപരമായ കടമകൾ നിർവഹിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ ക്ഷേത്രവിമോചന പ്രക്ഷോഭം സംഭവിക്കാമെന്ന് ആർ.എസ്.എസ് പ്രാന്തീയ കാര്യദർശി സദസ്യൻ ആർ. സഞ്‌ജയൻ പറഞ്ഞു. ലക്ഷ്യമെന്തെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കാത്ത അയ്യപ്പ സംഗമവുമായി സഹകരിക്കില്ലെന്നും മാധ്യമങ്ങൾക്കായി നടത്തിയ ഓണം സംഗമത്തിനിടെ അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ബോർഡുകൾ കാര്യമായൊന്നും ചെയ്യുന്നില്ല. ബോർഡിനെ മറയാക്കി പ്രാദേശിക സമിതികളാണ് ഭരണം നിയന്ത്രിക്കുന്നത്. സമിതികളിൽ രാഷ്ട്രീയക്കാർ കടന്നുകയറി പാർട്ടി താത്പര്യങ്ങൾ നടപ്പാക്കുകയാണ്. ഈ സാഹചര്യത്തിൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറാനായി ക്ഷേത്രവിമോചന പ്രക്ഷോഭം ഭാവിയിൽ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.