
□സർക്കാരിന് വീണ്ടും തിരിച്ചടി
കൊച്ചി: മുതിർന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥൻ ബി. അശോകിന്റെ പുതിയ സ്ഥലംമാറ്റവും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് സർക്കാരിന് തിരിച്ചടിയായി. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥലം മാറ്റി സർക്കാർ തിങ്കളാഴ്ച ഇറക്കിയ ഉത്തരവിലെ നടപടികൾ നീട്ടിവയ്‌ക്കാനാണ് നിർദ്ദേശം.
ഇതോടെ അശോകിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായി തുടരാനാകും. വിഷയം 23ന് വീണ്ടും പരിഗണിക്കും.അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയത് കഴിഞ്ഞയാഴ്ച ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. അശോകിന്റെ ഹർജിയിൽ തുടർവാദം നടക്കാനിരിക്കെയാണ് തിരക്കിട്ട് മറ്റൊരു സ്ഥലംമാറ്റ ഉത്തരവിറക്കിയത്.അതിനാൽ അശോകിന്റെ ഹർജി അപ്രസക്തമായെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഇന്നലെ വാദിച്ചു. എന്നാൽ, സ്റ്റേ നിലനിൽക്കേ മറ്റൊരു ഉത്തരവിറക്കിയതെങ്ങനെയെന്ന് ട്രൈബ്യൂണൽ ചോദിച്ചു. സ്റ്റേ കാലാവധി കഴിഞ്ഞ് ഇന്നാണ് ഉത്തരവ് പ്രാബല്യത്തിലാവുകയെന്ന് എ.ജി അറിയിച്ചു. ഇത് അംഗീകരിക്കാതെയാണ് ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവയ്‌ക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചത്.സ്ഥലംമാറ്റങ്ങൾ കീഴ്‌വഴക്കങ്ങൾ പാലിക്കാതെയാണെന്നും പ്രതികാര നടപടിയാണെന്നുമാണ് ബി. അശോകിന്റെ വാദം.
കേര പദ്ധതിയുടെ വാർത്താ ചോർച്ച അന്വേഷിച്ചത് അശോകിന്റെ നേതൃത്വത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.