അങ്കമാലി: അങ്കമാലി പഴയ മാർക്കറ്റ് റോഡ് പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് സി.പി.എം കവരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ എ.ആർ വിനു രാജ്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് പാദസരം കിട്ടിയത്. സി.പി.എം നേതൃത്വത്തിൽ ടൗണിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്ത് തിരിച്ച് വരുമ്പോൾ കോംപ്ലക്സ് ഭാഗത്ത് നിന്നാണ് ആഭരണം കിട്ടിയത്. വിവരം അപ്പോൾ തന്നെ നവമാധ്യമങ്ങൾ മുഖേന അറിയിച്ചു. അതുവഴി സ്വർണം നഷ്ടപ്പെട്ട കല്ലുപാലം സ്വദേശിയായ ചിറയത്ത് ധന്യ വിനുരാജിനെ ബന്ധപ്പെട്ടു. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തി വിനു രാജിൽ നിന്നും ധന്യ നഷ്ടപ്പെട്ട പാദസരം ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി കെ.പി റെജീഷ്, ലോക്കൽ സെക്രട്ടറി സജി വർഗ്ഗീസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി. വൈ ഏല്യാസ് എന്നിവർ സന്നിഹിതരായിരുന്നു