
കൊച്ചി: സി.പി.ഐയിൽ വിഭാഗീയത ശക്തമായിരുന്ന എറണാകുളം ജില്ലാ കമ്മിറ്റിയിൽ കെ.എൻ. സുഗതൻ സംസ്ഥാന കൗൺസിലിലേക്ക് തിരിച്ചെത്തിയതോടെ താതാകാലിക മഞ്ഞുരുകലിന് സാദ്ധ്യത. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമാണ് മാറ്റത്തിന് പിന്നിൽ.
ദീർഘകാലം പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്ന സുഗതൻ കഴിഞ്ഞ സമ്മേളനത്തിലാണ് സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും വോട്ടെടുപ്പിലൂടെ കെ.എം. ദിനകരൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിന്നാലെ നടന്ന സംസ്ഥാന സമ്മേളനത്തിൽ സുഗതൻ സംസ്ഥാന കമ്മിറ്റിക്ക് പുറത്താവുകയും ചെയ്തിരുന്നു.
ജില്ലയിലെ വിഭാഗീയത
പി. രാജു പക്ഷം: കെ.എൻ. സുഗതൻ, ടി.സി. സൻജിത്, കെ.എൻ. ഗോപി, എം.ടി. നിക്‌സൺ, കെ.പി. റെജിമോൻ, കെ.ആർ. റെനീഷ് എന്നിവരാണ് വിഭാഗത്തിലെ പ്രമുഖർ. സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന ബാബു പോൾ പ്രായപരിധി കാരണം ഒഴിവായി.
ഔദ്യോഗിക പക്ഷം: ജില്ലാ സെക്രട്ടറി എൻ. അരുൺ, കെ.എം. ദിനകരൻ, കെ.കെ. അഷ്‌റഫ്, കമലാ സദാനന്ദൻ, എൽദോ എബ്രഹാം, പി.കെ. രാജേഷ്, ടി. രഘുവരൻ, ദിപിൻ ദിനകരൻ എന്നിവരാണ് ഔദ്യോഗിക പക്ഷത്ത്.
എക്‌സിക്യുട്ടീവ് തിരഞ്ഞെടുപ്പ്
പുതിയ ജില്ലാ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പാണ് നേതാക്കളുടെയും അണികളുടെയും ആകാംഷയ്ക്ക് കാരണം. 17 അംഗ എക്‌സിക്യൂട്ടീവിൽ പി. രാജു, കെ.എൻ. ഗോപി, കെ.എൻ. സുഗതൻ, ബാബു പോൾ, എം.ടി. നിക്‌സൺ, മോളി വർഗീസ് എന്നിവർ മറുപക്ഷത്തായിരുന്നു. പുതിയ എക്‌സിക്യുട്ടീവ് വരുമ്പോൾ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് ആരെല്ലാം വരുമെന്ന് ഉറ്റുനോക്കുകയാണ് അണികൾ. സമവായത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഇത്തവണ സാദ്ധ്യതയെന്നും സൂചനകളുണ്ട്.