• നഗരത്തിൽ വീണ്ടും മാലിന്യക്കൂമ്പാരം
കൊച്ചി: പൊന്നുരുന്നി പ്രദേശത്ത് അജൈവമാലിന്യ സംസ്കരണം പാളുന്നു. വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പല ഡിവിഷനുകളിലും പാതയോരത്ത് കൂട്ടിയിടുന്നതല്ലാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നില്ല. ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം വാർഡ് തലത്തിൽ മിനി എം.സി.എഫുകളിൽ സംഭരിക്കുകയും അവിടെനിന്ന് കോർപ്പറേഷന്റെ കീഴിലുള്ള എം.സി.എഫിൽ കൊണ്ടുപോയി തരംതിരിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറുകയും ചെയ്യുക എന്നതാണ് അജൈവമാലിന്യ പരിപാലനരീതി.
നാളുകളായി പൊന്നുരുന്നി വാർഡിലെ മാലിന്യനീക്കം താറുമാറായ മട്ടിലാണ്. ഇവിടെ റോഡരികിലെ നടപ്പാതയിൽ മാലിന്യം സംഭരിക്കുന്നതിനായി സ്ഥാപിച്ച കണ്ടെയ്‌നർ നിറഞ്ഞുകവിഞ്ഞ് പരിസരമാകെ വ്യാപിച്ചിട്ടും നടപടിയൊന്നുമില്ല. നടപ്പാതയിലെ കണ്ടെയ്‌നറിന് ഇരുവശത്തും ഒരാൾപ്പൊക്കത്തിൽ ചാക്കിൽകെട്ടിയ മാലിന്യങ്ങൾ കൂനകൂട്ടിയിട്ടിരിക്കുകയാണ്. സാധാരണ ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവവസ്തുക്കളിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാദ്ധ്യതകളൊന്നുമില്ല. എന്നാൽ പൊന്നുരുന്നിയിൽ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകളിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്.
മാലിന്യമുക്ത നവകേരളം എന്നപേരിൽ വാർഡുതലം മുതൽ സംസ്ഥാനതലംവരെ ആയിരക്കണക്കിന് സദസുകൾ സംഘടിപ്പിച്ച് പ്രഖ്യാപനം നടത്തിയിട്ട് നാളുകൾ ഏറെയായില്ല. അതിനുമുമ്പേ എല്ലാം പഴയപടിയായി. എല്ലാ മാസവും വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന ഹരിതകർമ്മസേനയ്ക്ക് യൂസേഴ്സ് ഫീസും അജൈവവസ്തുക്കളും കൈമാറിയില്ലെങ്കിൽ കോർപ്പറേഷൻ നടപടിയെടുക്കും. എന്നാൽ ശേഖരിച്ച മാലിന്യം പൊതുശല്യമായി കൂട്ടിയിടുകയാണ് കോർപ്പറേഷൻ.
മാലിന്യംവലിച്ചെറിയൽ തുടരുന്നു
അജൈവ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി കൂട്ടിയിടുന്ന സ്ഥലങ്ങളിൽ ജൈവ മാലിന്യങ്ങൾ ജനങ്ങൾ നിക്ഷേപിക്കുന്നത് സ്ഥിരംകാഴ്ചയാണ്. ജൈവമാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പലപ്പോഴും കർശന നടപടി എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് നിർബാധം തുടരുന്നുവെന്ന് കൗൺസിലർ സി.ഡി. ബിന്ദു ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. സി.സി.ടിവി സ്ഥാപിച്ച് നിരീക്ഷണം നടത്തുന്ന ഇടങ്ങളിൽ വാഹനം ദൂരത്ത് മാറ്റിയിട്ടശേഷം മുഖംമറച്ചെത്തിയാണ് മാലിന്യം വലിച്ചെറിയുന്നത്.
ഓണത്തിനുശേഷം ഒരുതവണ പ്ലാസ്റ്റിക് എടുത്തിരുന്നു. രണ്ടാഴ്ചയിലെ പ്ലാസ്റ്റിക് ഒരുമിച്ച് എടുത്തപ്പോൾ ഒരു ലോറിയിൽ തികയാതെവന്നു. ബാക്കിയുള്ള അജൈവമാലിന്യം ഇന്ന് മാറ്റും.
സി.ഡി. ബിന്ദു
കൗൺസിലർ, പൊന്നുരുന്നി