
മൂവാറ്റുപുഴ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെസിസ്റ്റൻസ് ലഹരി വിരുദ്ധ ക്യാമ്പയിന് പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടക്കാമറ്റം അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, സൂംബ ഡാൻസ്, റീൽസ് അവതരണം എന്നിവ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ സൈക്കിൾ റാലി, പോസ്റ്റർ രചന മത്സരം, ഷോർട്ട് ഫിലിം നിർമാണം, ക്വിസ് എന്നിവ നടക്കും. സെപ്തംബർ 30 ന് ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപനത്തോടെ പരിപാടികൾ സമാപിക്കും. പ്രിൻസിപ്പൽ സന്തോഷ് ടി.ബി ലഹരി വിരുദ്ധ സന്ദേശം നൽകി. അദ്ധ്യാപകനായ രാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ നാസർ കെ.എൻ, അദ്ധ്യാപകരായ സബിത പി.ഇ, ഗീതു ജി.നായർ, അനുമോൾ പി.ആർ, കെ.എം നൗഫൽ, സൽവ എം, ജാസ്മിൻ വി. ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.