swami

ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമം വളപ്പിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡും നശിപ്പിച്ചെന്ന പരാതിയിൽ നഗരസഭ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടാൻ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.

നഗരസഭ എൻജിനിയറിംഗ് വിഭാഗം ഓവർസിയർ കവിത, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ടിജൻസി വിഭാഗം ജീവനക്കാരാണ് ആശ്രമത്തിന്റെയും സ്കൂളിന്റെയും മതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കൊടികളും ബോർഡും നശിപ്പിച്ചത്. പിഴുതെറിഞ്ഞ കൊടികൾ പിന്നീട് അശ്രമത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മലിനജല സംസ്കരണ പ്ളാന്റിലെ മാലിന്യങ്ങളിലേക്ക് തള്ളി. പൊതുനിരത്തിൽ ബോർഡുകളും കൊടികളും സ്ഥാപിക്കാൻ പാടില്ലെന്ന കോടതി ഉത്തരവിന്റെ മറവിൽ കഴിഞ്ഞ പത്തിനാണ് നഗരസഭ ആശ്രമത്തിന് നേരെ തിരിഞ്ഞത്.

ഇതിനെതിരെ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ, സി.പി.എം, ബി.ജെ.പി കക്ഷികളെല്ലാം സമരവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഇന്നലെ അടിയന്തര കൗൺസിൽ യോഗം ചേർന്നത്. സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ് കുമാർ, സി.പി.എം പ്രതിനിധികളായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു, ടിന്റു രാജേഷ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എൻ. ശ്രീകാന്ത് എന്നിവർ ഉൾപ്പെടെയുള്ളവർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപണ വിധേയരായവരുടെ കൂടി വിശദീകരണം കേൾക്കണമെന്ന കോൺഗ്രസ് പ്രതിനിധി ജെയ്സൺ പീറ്ററിന്റെയും ബി.ജെ.പി അംഗം പി.എസ്. പ്രീതയുടെയും അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനം. ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ജെ. ജെസിത സംസാരിച്ചു.

കുറ്റക്കാരെ സംരക്ഷിക്കാൻ നഗരസഭയുടെ ശ്രമം

ആശ്രമം മതിലിന് മുകളിൽ നാട്ടിയ പീതപതാകയും ബോർഡുകളും നശിപ്പിച്ച നഗരസഭ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഭരണപക്ഷത്തെ ഒരു വിഭാഗം നടത്തുന്നത്. ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിന്റെ അജണ്ടയിലും ഇതിനുള്ള വഴി തുറന്നിരുന്നു.

അദ്വൈതാശ്രമത്തിന്റെയും സ്കൂളിന്റെയും 'പുറത്ത്' സ്ഥാപിച്ച കൊടികളും തോരണങ്ങളും എടുത്തുമാറ്റിയെന്നാണ് അജണ്ടയിൽ സൂചിപ്പിക്കുന്നത്. ആശ്രമത്തിന്റെയും സ്കൂളിന്റെയും മതിലിന് മുകളിൽ എന്നതിന് പകരം 'പുറത്ത്' എന്ന് ബോധപൂർവം രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള കുടിലതന്ത്രമാണെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, എൻ. ശ്രീകാന്ത് എന്നിവർ ആക്ഷേപം ഉന്നയിച്ചെങ്കിലും ചെയർമാനും സെക്രട്ടറിക്കും മൗനമായിരുന്നു.