
മൂവാറ്രുപുഴ: ഇത്തവണയും ഓണാഘോഷം വേറിട്ടതാക്കി നിർമ്മല അലുംമ്നി അസോസിയേഷൻ. സഹജീവികളുടെ കണ്ണീരൊപ്പുന്ന ജീവകാരുണ്യപ്രവർത്തികളിൽ മുന്നിൽ നിൽക്കുന്ന നാം എന്ന സംഘടന ഈ വർഷത്തെ ഓണാഘോഷത്തിൽ കരുതലായത് ഐരാപുരത്തുള്ള ഒരു കുടുംബത്തിന്. രണ്ടുകുട്ടികളുമായി ഇനിയെന്ത് എന്നറിയാതെ പകച്ചുനിന്ന വിധവയ്ക്ക് വീട് അടച്ചുറപ്പുള്ളതാക്കി, വാസയോഗ്യമാക്കി നൽകുകയാണ് ചെയ്തത്.
ലൈഫ് പദ്ധതിയിൽപ്പെട്ട് വീട് ലഭിച്ചിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും വാതിലുകളോ ജനലുകളും ഇല്ലാതിരുന്നത് മൂലം താമസ യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. മുതിർന്ന പെൺകുട്ടി കൂടിയുള്ള സാഹചര്യത്തിൽ ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇത് നിർമ്മല അലുംമ്നി അംഗം ബിജു നാരായണന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് ഈ വർഷത്തെ ഓണം അവർ സ്വന്തം വീട്ടിൽ ആഘോഷിക്കണമെന്ന് അസോസിയേഷൻ തീരുമാനിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. എല്ലാ പണികളും പൂർത്തീകരിച്ച് ഉത്രാടനാളിൽ കുടുംബത്തിന് വീടിന്റെ താക്കോൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വാതി രമ്യദേവ് കൈമാറി. ചടങ്ങിൽ നാം പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ്, സെക്രട്ടറി മൃദുൽ ജോർജ്, ട്രഷറർ അരുൺ ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സോണി മാത്യു മാരിക്കാലയിൽ, ബിജു നാരായണൻ, ബബിത നെല്ലിക്കൽ, അഖിൽ ചന്ദ്രൻ, രാജേഷ് മാത്യു, സൽമാൻ, പ്രദീപ്, അമ്പിളി സോണി തുടങ്ങിയർ പങ്കെടുത്തു.