scech

ആലുവ: നഗരസഭ വഴിയിൽ അദ്വൈതാശ്രമം ഗേറ്റ് സ്ഥാപിച്ചെന്ന ആരോപണം അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ആശ്രമത്തിനോട് ചേർന്ന് നഗരസഭ മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി അദ്വൈതാശ്രമം കരം ഒടുക്കുന്ന ഭൂമിയാണ്.

ആശ്രമത്തിന്റെ വിശാലമനസ്കതയിലാണ് അവിടെ പ്ളാന്റ് സ്ഥാപിക്കാൻ അനുവദിച്ചതും നടക്കാൻ സൗകര്യം നൽകിയതുമെല്ലാം. എന്നാൽ അതിന്റെ പേരിൽ ഈ ഭൂമിയുടെ അവകാശം ആർക്കെങ്കിലും രേഖാമൂലം വിട്ടുനൽകിയിട്ടില്ല. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ഭൂമി ആർക്കെങ്കിലും വിട്ടുനൽകണമെങ്കിൽ ട്രസ്റ്റ് അംഗങ്ങളുടെ വിശേഷാൽ പൊതുയോഗം ചേർന്ന് തീരുമാനിക്കണം. വസ്തുത ഇതായിരിക്കെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നഗരസഭയുടേത്. നടക്കാൻ നൽകിയ അനുമതിയുടെ മറവിൽ അവകാശം സ്ഥാപിക്കാനാണ് നഗരസഭയുടെ ശ്രമം.

കഴിഞ്ഞ ദിവസം മലിനജല സംസ്കരണ പ്ളാന്റിൽ അനധികൃതമായി തങ്ങുന്നയൊരാൾ പ്ളാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോൾ ആശ്രമം ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. പ്രകോപിതനായി ഇയാൾ വാക്കത്തിയെടുത്ത് വീശി. ഇതേതുടർന്ന് പൊലീസിന്റെ കൂടി നിർദ്ദേശപ്രകാരമാണ് ഗേറ്റ് സ്ഥാപിച്ച് സ്ഥലം സുരക്ഷിതമാക്കിയതെന്നും സ്വാമി പറഞ്ഞു.

പിന്തുണയുമായി ബി.ജെ.പിയും ശിവസേനയും

ആലുവ അദ്വൈതാശ്രമം ഭൂമി കൈയേറാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർ പറഞ്ഞു. ആശ്രമം ഭൂമി കൈവശപ്പെടുത്താനുള്ള നഗരസഭ നീക്കത്തെ ചെറുക്കുമെന്നും ആശ്രമത്തിന്റെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയയെ നേരിട്ട് സന്ദർശിച്ച ബി.ജെ.പി നേതാക്കൾ അറിയിച്ചു. അദ്വൈതാശ്രമം കരമടച്ചുകൊണ്ടിരിക്കുന്ന ഭൂമി നഗരസഭയുടെ ആസ്തി റെജിസ്റ്ററിൽ എങ്ങനെ വന്നുവെന്നും സ്വകാര്യ സ്ഥലത്ത് നഗരസഭാ എങ്ങനെ നിർമാണം നടത്തിയെന്നും അന്വേഷിക്കണം. എ സെന്തിൽകുമാറിന് പുറമെ, മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, എൻ. ശ്രീകാന്ത്, സോമശേഖരൻ കല്ലിങ്ങൽ, കെ.ആർ. രജി എന്നിവരും സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു.

അദ്വൈതാശ്രമത്തിന്റെ പരിപാവനത തകർക്കുന്നതിന് ആലുവ നഗരസഭ അധികൃതർ നടത്തുന്ന കുത്സിത നീക്കം അവസാനിപ്പിക്കണമെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആർ. ദേവൻ ആവശ്യപ്പെട്ടു.

നഗരസഭയ്ക്ക് അവകാശമില്ലാത്ത ആശ്രമം ഭൂമി കയ്യേറാൻ ശ്രമിക്കുകയും പീതപതാകകളും ബോർഡുകളും നശിപ്പിക്കുകയും ചെയ്തവർക്കെതിരെ പൊലീസ് നിയമ നടപടിയെടുക്കണം. അതിക്രമം നടന്ന സ്ഥലം ശിവസേന ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾ സന്ദർശിച്ചു. ടി.ആർ. ദേവനൊപ്പം ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. ലെനിനും മറ്റ് ഭാരവാഹികളും സംഘത്തിൽ ഉണ്ടായിരുന്നു.