
കിഴക്കമ്പലം: പുക്കാട്ടുപടി ചെമ്പറക്കി റോഡിൽ തണൽ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. 35 വർഷം മുമ്പ് സർക്കാരിന്റെ നേതൃത്വത്തിൽ വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച അക്കേഷ്യാ മരങ്ങളാണ് ഉണക്ക് ബാധിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന വിധം നിലകൊള്ളുന്നത്. അക്കാലയളവിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ആയിരത്തോളം മരങ്ങളാണ് നട്ടത്. കാലക്രമേണ വളർന്നപ്പോൾ സർക്കാർ ലേലത്തിലും മറ്റുമായി വിൽപ്പന നടത്തിയിരുന്നു. ഇപ്പോൾ നൂറോളം മരങ്ങളാണ് ശേഷിക്കുന്നത്.
മലയിടം തുരുത്ത് വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി മരം മറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചിരുന്നു. മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിൽ രാത്രിയായതിനാലാണ് വൻ അപകടം ഒഴിവായത്. പെരുമ്പാവൂർ അഗ്‌നി രക്ഷാ സേന എത്തി മരം പൂർണമായും വെട്ടിമാറ്റിയതിന് ശേഷമാണ് ഗതാഗതവും വൈദ്യുതിയും പുന:സ്ഥാപിച്ചത്.
ഇരുവകുപ്പുകളുടെ പരിധിയിൽ
കഴിഞ്ഞ വർഷം ഈ മേഖലയിൽ മൂന്ന് പ്രാവശ്യം മരം ഒടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പെരിയാർ വാലി അധികൃതർ സ്ഥലം സന്ദർശിച്ച് മരം വെട്ടാനുള്ള നീക്കം നടത്തിരുന്നു. എന്നാൽ, പെരിയാർ വാലിയുടെയും പൊതു മരാമത്തിന്റെയും പരിധിയിലായതിനാൽ രണ്ട് വകുപ്പും തീരുമാനമെടുത്താൽ മാത്രമേ മരം വെട്ടിമാറ്റാനാകു.
ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ അപകട ഭീഷണി വർദ്ധിക്കും.
ഭീതിയോടെയാണ് വാഹന വഴിയാത്രക്കാർ ഇതു വഴി പോകുന്നത്.
നിരവധി സ്‌കൂൾ ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്.
ഉണങ്ങാത്ത മരങ്ങളുടെ ശിഖിരങ്ങളും റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതും അപകട ഭീഷണിയാണ്
റോഡ് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയതോടെ ഇത് വഴി വാഹന ഗതാഗതം വർദ്ധിച്ചു. പെരുമ്പാവൂർ, ചെമ്പറക്കി ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് പുക്കാട്ടുപടി, എറുണാകുളം മേഖലകളിലേക്ക് പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടനടി മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണം.
കെ.എം. സിറാജ്,
സി.പി.എം വാഴക്കുളം
ലോക്കൽ സെക്രട്ടറി