കൊച്ചി: കുറ്റകൃത്യങ്ങൾ തടയുന്നതും യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് തൃപ്പൂണിത്തുറ, ഇടപ്പള്ളി, കളമശേരി റെയിൽവേ സ്റ്റേഷനുകളിൽ 42 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ അനുമതി. ക്യാമറകൾ സ്ഥാപിക്കേണ്ട സെക്യൂരിറ്റി പോയന്റുകൾ നിശ്ചയിക്കാൻ ആർ.പി.എഫ് ഉദ്യോഗസ്ഥരും റെയിൽവേ ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരും മൂന്ന് സ്റ്റേഷനുകളിലും സർവേ നടത്തി. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
മൂന്ന് സ്റ്റേഷനുകളിലും നിലവിൽ നിരീക്ഷണ ക്യാമറകളില്ലെന്ന് ആർ.പി.എഫ് പറഞ്ഞു. 14 ക്യാമറകൾ വീതമാണ് ഓരോ സ്റ്റേഷനും അനുവദിച്ചത്. സ്റ്റേഷനുകളുടെ പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടർ, വിശ്രമമുറി, പ്ലാറ്റ്ഫോം എന്നിവയ്ക്ക് പുറമെ റെയിൽവേയാർഡും സി.സി ക്യാമറ പരിധിയിൽപ്പെടും.
ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫിന്റെ സി.സി.ടിവി ഒബ്സർവേഷൻ മുറിയിലെ സ്ക്രീനുകളിൽ നിരീക്ഷിക്കാം. നോർത്ത് സ്റ്റേഷനിൽ 28 നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ട്. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലുമായി 32 സി.സി ടിവി ക്യാമറകൾ മാത്രമാണ് ഇപ്പോഴുള്ളത്. സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളും നിരീക്ഷണ പരിധിയിൽപ്പെടാത്തതിനാൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആർ.പി.എഫ് ആവശ്യപ്പെട്ടിരുന്നു.