
മതിൽക്കെട്ടിനകത്ത് പിരിക്കരുതെന്ന് ദേവസ്വം ബോർഡ്
പറവൂർ: വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷ സംഭാവന പിരിവിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ഉപദേശക സമിതിയും തമ്മിൽ പോര്. പിരിവ് കൂപ്പണുകൾ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ മുഖാന്തിരം ദേവസ്വം പറവൂർ അസിസ്റ്റന്റ് കമ്മീഷണർ സീൽ ചെയ്ത് നൽകണം. ഇത്തവണ അത് സമയബന്ധിതമായി നൽകിയില്ല. ദേവസ്വം കമ്മീഷണർ ഇടപെട്ടശേഷമാണ് ലഭിച്ചത്.
പക്ഷേ ക്ഷേത്രമതിൽക്കെട്ടിനകത്ത് ഇരുന്ന് സംഭാവന പരിക്കുന്നത് നിരോധിച്ച് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഉത്തരവിറക്കിയതോടെ പിരിവ് അലങ്കോലമായി.
കൂപ്പൺ തുകയുടെ 10ശതമാനം ബോർഡിൽ ഒടുക്കിയാൽ മാത്രമേ കൂപ്പൺ സീൽ ചെയ്ത് ലഭിക്കുകയുള്ളു. ക്ഷേത്രത്തിലെ ചില യൂണിയൻ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിലെന്ന് സമിതി ആരോപിച്ചു. നവരാത്രി ഉത്സവത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഉത്സവം അലങ്കോപ്പെടുത്താനാണ് ശ്രമമെന്ന് ചില സമിതിയംഗങ്ങൾ ആരോപിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്കും ദേവസ്വം വകുപ്പ് സെക്രട്ടറിക്കും സബ് ഗ്രൂപ്പ് ഓഫീസർക്കും കത്ത് നൽകിയതായി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.