
കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ റോഡുകൾക്കും വീടുകൾക്കും സമീപം നിൽക്കുന്ന അക്കേഷ്യാമരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. വാവേലി-കുളങ്ങാട്ടുകുഴി റോഡിൽ മരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.
വേരുകൾ ദ്രവിച്ചും ഉണങ്ങിയുമിരിക്കുന്നതും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതുമായ മരങ്ങൾ ഇടയ്ക്കിടെ റോഡിലേക്ക് വീഴുകയാണ്.
ജനങ്ങൾ ദുരിതത്തിൽ
രണ്ട് കിലോമീറ്ററോളം നീളമുള്ള റോഡിന്റെ ഇരുവശത്തും മരങ്ങളാണ്. മഴക്കാലത്ത് അപകട സാദ്ധ്യത ഇരട്ടിക്കുന്നു. ഇതിനുപുറമെ, വനാതിർത്തികളിൽ ആനകൾ ഫെൻസിംഗ് തകർക്കാനായി മരങ്ങൾ മറിച്ചിടുന്നതും പതിവാണ്. വീടുകൾക്കും കൃഷിയിടങ്ങൾക്കും സമീപം നിൽക്കുന്ന കാലപ്പഴക്കമുള്ള മരങ്ങൾ വീണുകിടക്കുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നടപടികൾ വൈകുന്നു
മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. മന്ത്രിതലത്തിൽ വരെ വിഷയം ഉന്നയിച്ചിട്ടും നടപടിയായിട്ടില്ല. മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി വനംവകുപ്പ് പലതവണ ടെൻഡർ വിളിച്ചിരുന്നെങ്കിലും, വനംവകുപ്പിന്റെ നിബന്ധനകളും മാനദണ്ഡങ്ങളും കാരണം ടെൻഡർ എടുക്കാൻ ആരും മുന്നോട്ടുവരുന്നില്ല. സാഹചര്യം കണക്കിലെടുത്ത് നിബന്ധനകളിൽ ഇളവ് വരുത്താൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം.
സർക്കാരിന് സാമ്പത്തിക നഷ്ടം കൃത്യമായ ഇടവേളകളിൽ മുറിച്ചുമാറ്റാത്തതു കാരണം സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. പേപ്പർ കമ്പനികൾക്ക് വിൽക്കാൻ ലക്ഷ്യമിട്ട് വനംവകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് നശിക്കുകയാണ്.
റോഡുകൾക്കും ഫെൻസിങ്ങിംഗിനും 30 മീറ്റർ പരിധിയിലുള്ള മരങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റണം. വനംവകുപ്പും അധികാരികളും അനുകൂലമായ സമീപനം സ്വീകരിക്കണം
ബിനിൽ വാവേലി
പൊതുപ്രവർത്തകൻ