മൂവാറ്റുപുഴ: നഗരവും സമീപ പ്രദേശങ്ങളും ലഹരി വില്പന സംഘങ്ങളുടെ കേന്ദ്രമായി മാറുന്നതിൽ ഡിവൈ.എസ്.പി യെ കുറ്റപ്പെടുത്തി എ.ഐ.വൈ.എഫ്. ലഹരി വ്യാപനത്തെക്കുറിച്ചും ലഹരിസംഘങ്ങളെ കുറിച്ചു പലവട്ടം പരാതികൾ നൽകിയിട്ടും ഡിവൈ.എസ്.പി നടപടി എടുക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധം ശക്തമാക്കിയത്.
ലഹരി സംഘത്തിനെതിരെ പരാതിപ്പെട്ട ആനിക്കാട് പച്ചക്കറി വ്യാപാരം നടത്തുന്ന ആളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. തിങ്കളാഴ്ച പരാതി നൽകിയ വ്യാപാരിയുടെ കടയും പിക്കപ്പ് വാനും അന്ന് അർദ്ധ രാത്രി കത്തിനശിച്ചത് സംശയകരമാണെന്നും ഇതിനു പിന്നിൽ ലഹരി മരുന്നു സംഘമാണ് എന്നുമാണ് എ.ഐ.വൈ.എഫ്. ആരോപിക്കുന്നു. ലഹരി സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം സംരക്ഷിക്കണമെന്നും എ.ഐ.വൈ.എഫ്. മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.