
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ക്ലിനിക്കുകൾക്ക് തുടക്കമായി. ചുണങ്ങംവേലി, തോട്ടുംമുഖം, ചാലയ്ക്കൽ, കുട്ടമശ്ശേരി, കീഴ്മാട് ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും.
ചൊവ്വാഴ്ച ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴം, ശനി ദിവസങ്ങളിൽ അയൽക്കൂട്ടങ്ങളിലുമായാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുക.
വായിലെ കാൻസർ, ഗർഭാശയ കാൻസർ, മാറിലെ കാൻസർ, ക്ഷയ രോഗം, മാനസീകാരോഗ്യം എന്നിവയുടെ സ്‌ക്രീനിംഗ്, പ്രമേഹം, രക്തസമ്മർദ്ദം, ഹീമോഗ്ലോബിൻ എന്നിവയുടെ പരിശോധന തുടങ്ങിയവ ക്ലിനിക്കിൽ നടക്കും.
സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനവേദി സമ്പൂർണ്ണ വനിതകളാൽ സമ്പന്നമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റസീല ഷിഹാബ്, എൽസി ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. കെ.പി. അഖില,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആബിദ അബ്ദുൾഖാദർ, സനില ടീച്ചർ, പബ്ലിക് ഹെൽത്ത് നേഴ്‌സ് യു.കെ. ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. രേഖ, എസ്. സ്റ്റെഫി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് പി.എസ്. വിന്ധ്യ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ സൗമ്യ പോൾ, ആശാ പ്രവർത്തകരായ കെ.ബി. മിനി, ഷൈജ മോഹൻ എന്നിവർ പ്രസംഗിച്ചു.