
കിഴക്കമ്പലം: ഭവന നിർമ്മാണത്തിനായി വഴിയില്ലാത്ത ഭൂമി അമിതവിലയ്ക്ക് നൽകി പട്ടികജാതി വിഭാഗങ്ങളെ കബളിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദളിത് കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭൂമി ഇടപാടുകൾ നടത്താൻ കൂട്ടുനിന്ന അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽപ്പെട്ട പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതിയിലെ അംഗങ്ങളേയും കൂട്ടുനിന്ന ആളുകളെയും ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഉദ്യോഗസ്ഥരെയും ആധാരം തയ്യാറാക്കിയവരെയും ഉൾപ്പെടുത്തി നിയമനടപടി സ്വീകരിക്കണമെന്ന് സജീന്ദ്രൻ ആവശ്യപ്പെട്ടു. പട്ടിമറ്റം ബ്ലോക്ക് ദളിത് കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് മംഗലത്തുനട അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എച്ച്. അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി.
പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ, യു.ഡി.എഫ് ചെയർമാൻ ഷമീർ തുകലിൽ, മണ്ഡലം പ്രസിഡന്റുമാരായ തമ്പി കുര്യാക്കോസ്, അഷ്‌റഫ് തേനൂരാൻ, മുൻ പഞ്ചായത്ത് അംഗം എൻ.സി. രാജൻ, കെ.എച്ച്. ഹാരീസ് ബ്ലോക്ക് ഭാരവാഹികളായ എ.എം. മുഹമ്മദ് പിള്ള, സി.എ. ഫൈസൽ, ജുനൈദ് പത്തനായത്ത്, അബ്ദുൽറഹ്മാൻ വടക്കൻ, കെ.എസ്. സലിം ബഷീർ കുറ്റിക്കാട്ടിൽ, ഫൈസൽ മനയിൽ, വി.സി. ചന്ദ്രൻ, കെ.ജി. മുരളി, എൻ.ബി. രാമചന്ദ്രൻ, സജീവൻ കുഴിക്കാട്ടുമാലി, അനു കുഞ്ഞാമി എന്നിവർ സംസാരിച്ചു.