കൊച്ചി: കേരളത്തിലെ ദേവസ്വം ബോർഡുകൾ അഴിമതിയുടെ കേന്ദ്രങ്ങളായി അധ:പതിച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ പുറത്തുവന്ന വിവരങ്ങൾ ഇതിനെ സാധൂകരിക്കുന്നതും ഭക്തജനങ്ങളെ ആശങ്കപ്പെടുത്തുന്നതുമാണ്. വിശ്വാസികൾ ഭക്തിപൂർവം ക്ഷേത്രങ്ങൾക്ക് സമർപ്പിക്കുന്ന വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെടുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. സ്വർണപ്പാളികൾ സ്‌പെഷ്യൽ ദേവസ്വം കമ്മിഷണറോ ഹൈക്കോടതിയോ അറിയാതെ ഉരുക്കിപ്പണിയാൻ കൊണ്ടുപോയ നടപടിയിയിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്ന് ഹൈക്കോടതിയുടെ വിധിയിൽത്തന്നെ പറയുന്നു. ഹൈക്കോടതി ഉത്തരവുപോലും മറികടന്ന് നിയമവിരുദ്ധമായിട്ടാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. കുറ്റക്കാരെ കണ്ടുപിടിക്കാനോ മാതൃകാപരമായി ശിക്ഷിക്കാനോ തയ്യാറാകാതെ സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. ദേവസ്വം ഭരണസമിതികളിലുള്ള ഭക്തരുടെ വിശ്വാസം അനുദിനം നഷ്ടപ്പെട്ടുവരികയാണെന്നും ബാബു പറഞ്ഞു.