കിഴക്കമ്പലം: ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായ ലാൻഡ് പൂളിംഗ് സംബന്ധിച്ച എം.ഒ.യു 29ന് മുഖ്യമന്ത്റിയുടെ ഓഫീസിൽ ഒപ്പുവയ്ക്കുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഇൻഫോ പാർക്കും ജി.സി.ഡി.എയും തമ്മിലാണ് ഒപ്പുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി വകുപ്പിൽ തയ്യാറായിട്ടുണ്ട്. മൂന്നാംഘട്ട വികസന പദ്ധതിക്കായി കുന്നത്തുനാട് മണ്ഡലത്തിൽ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി വരുന്ന 300 മുതൽ 500 ഏക്കർ വരുന്ന സ്ഥലത്താണ് ലാൻഡ് പൂളിംഗ് നടത്തുന്നത്. എ.ഐ സാങ്കേതികവിദ്യ നിയന്ത്റിത ടൗൺഷിപ്പാണ് വിഭാവനം ചെയ്യുന്നത്. 300 ഏക്കറിലധികം വിസ്തൃതിയിൽ 20 മില്യൻ സ്‌ക്വയർ ഫീ​റ്റ് ഐ.ടി സ്‌പെയ്‌സോടെ വിഭാവനം ചെയ്തിട്ടുള്ള മൂന്നാം ഘട്ട ടൗൺഷിപ്പിൽ ഐ.ടി സ്ഥാപനങ്ങളോടൊപ്പം വസതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമടക്കം വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ അത്യാധുനിക മാലിന്യ സംസ്‌കരണ സംവിധാനവും തയ്യാറാക്കും. 2 ലക്ഷത്തോളം പേർക്ക് തൊഴിൽ അവസരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.