പെരുമ്പാവൂർ: മത്സ്യമാർക്കറ്റിനുള്ളിൽ വച്ച് ഗുണ്ടാസംഘം മർദ്ദിച്ചതായി പരാതി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ലോട്ടറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )ഏരിയാ ട്രഷറും സി.പി.എം ടൗൺ ബ്രാഞ്ച് അംഗവുമായ ആർ.കെ. രാജനാണ് മർദ്ദനമേറ്റത്. രാജനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും കച്ചവടത്തിൽ നിന്ന് ലഭിച്ച പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.
ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന പെരുമ്പാവൂരിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളികളുടെ നേതൃത്വത്തിൽ ഫിഷ് മാർക്കറ്റ് ജംഗ്ഷനിൽ ഇന്നലെ പ്രതിഷേധയോഗം നടന്നു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ. ടി. യു) ഏരിയ പ്രസിഡന്റ് സി.വി. ജിന്നയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ സെക്രട്ടറി സി.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. ബി.അബ്ദുൽകരിം, സി.പി.എം പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയംഗം വി.പി. ഖാദർ, വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി.ബാബു, വഴിയോര തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.എം.ബഷീർ, ചുമട്ട് തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. നസീർ, സി.ഐ.ടി.യു ഏരിയ കമ്മിറ്റി ട്രഷറർ കെ.ഇ. നൗഷാദ്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയ സെക്രട്ടറി എം.പി.ബഷീർ, ബിജോയ് എന്നിവർ സംസാരിച്ചു.