
പറവൂർ: ദേശീയപാത 66ൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ചെറായി സ്വദേശി വിനോദിന്റെ കൈ അപകടത്തിൽ ഒടിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ കൂനമ്മാവ് മേസ്തിരി പടിക്ക് സമീപമാണ് അപകടം. കാറിൽ വിനോദിന്റെ കുടുംബവുമുണ്ടായിരുന്നെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. കാറ് വരാപ്പുഴ ഭാഗത്ത് നിന്ന് പറവൂർ ഭാഗത്തേക്ക് വരികയായിരുന്നു. ടാങ്കർ ലോറി പറവൂരിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. റോഡിന് വീതിയില്ലാത്ത ഭാഗത്താണ് അപകടം നടന്നത്. ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.