കാക്കനാട്: തൃക്കാക്കര നഗരസഭ മാവേലിപുരം ഡിവിഷനിലെ 52-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണത്തിന് കാക്കനാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. റവന്യൂ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നുവെന്ന പരാതിയിലാണ് നടപടി.
എന്നാൽ അങ്കണവാടി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് റവന്യൂ പുറമ്പോക്ക് കൈയേറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും 34വർഷം പഴക്കംചെന്ന നഗരസഭയുടെ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നതെന്നും കൗൺസിലർ പറഞ്ഞു. അങ്കണവാടിയുടെ ശോചനീയാവസ്ഥ കാരണം കെട്ടിടം പൊളിച്ചുമാറ്റി ആധുനികരീതിയിലുള്ള സ്മാർട്ട് അംങ്കണവാടിയുടെ നിർമാണം തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയമായ പ്രേരിതമായി വാസ്തവവിരുദ്ധ പരാതി നൽകിയതെന്ന് വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് പറഞ്ഞു. സ്റ്റോപ്പ് മെമ്മോ പിൻവലിക്കുന്നതിനുള്ള അപേക്ഷ കളക്ടർക്ക് നൽകിയെന്നും കൗൺസിലർ പറഞ്ഞു.