കൊച്ചി: എറണാകുളത്തെ പ്രമുഖ ജുവലറിയിൽ നിന്ന് ഡയമണ്ട് കവ‌ർന്ന കേസിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കുന്ന യുവതി കോഴിക്കോട് പൊലീസിന്റെ പിടിയിൽ. കോഴിക്കോട്ട് നടന്ന സമാന മോഷണക്കേസിലാണ് ക്രൈംസ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ10നാണ് എം.ജി റോഡിലെ ജുവലറിയിൽനിന്ന് 1.700 ഗ്രാം തൂക്കം വരുന്ന 37,000 രൂപയുടെ ഡയമണ്ട് മോഷണംപോയത്. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞിരുന്നു. ഡയമണ്ട് സെക്ഷനിലെത്തിയ യുവതി വിവിധ ഡയമണ്ടുകൾ കാണിക്കാൻ ആവശ്യപ്പെടുകയും സെയിൽസ്‌മാന്റെ ശ്രദ്ധ തിരിഞ്ഞ തക്കത്തിന് കൈവശപ്പെടുത്തി കടക്കുകയുമായിരുന്നു. ഡയമണ്ട് വാങ്ങാൻ അടുത്തദിവസം വരുമെന്ന് പറഞ്ഞാണ് യുവതി പോയത്. ഫോൺ നമ്പരും കൈമാറിയിരുന്നു. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.