കൊച്ചി: അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസിന്റെ സർവേ പ്രവർത്തനങ്ങൾക്കുള്ള 3എ വിജ്ഞാപനം ഒക്ടോബറിൽ വീണ്ടും പുറപ്പെടുവിക്കുമെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചു. വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ട് മാസത്തിനകം അവശേഷിക്കുന്ന പ്രദേശത്ത് സർവേ പൂർത്തിയാക്കും. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നേരത്തെ പുറപ്പെടുവിച്ച 3എ വിജ്ഞാപനം കാലഹരണപ്പെട്ടതാണ് പുതിയ വിജ്ഞാപനത്തിന് കാരണം.

ദേശീയപാത 544ന്റെ ഭാഗമായ ബെപ്പാസിന്റെ നിർമാണത്തിനായി ഏറ്റെടുക്കുന്ന 201ഹെക്ടറിൽ 21.5 ഹെക്ടറിൽ ഇനി സർവേ നടക്കാനുണ്ട്. 290 ഹെക്ടർ ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും പിന്നീടത് 201 ഹെക്ടറായി നിജപ്പെടുത്തി. ഇതിൽ 160 ഹെക്ടർ പ്രദേശത്തെ സർവേ നേരത്തെ പൂർത്തിയാക്കി. പുഴയും കല്ലിടാത്ത സ്ഥലവും ഉൾപ്പെടെ 19.5 ഹെക്ടർ പ്രദേശം ഒഴിവാക്കി. അവശേഷിക്കുന്ന 21.5 ഹെക്ടറിൽ 3എ പുനർവിജ്ഞാപനത്തിനുശേഷം അടിയന്തര പ്രാധാന്യത്തോടെ സർവേ പൂർത്തിയാക്കാനാണ് തീരുമാനം.

സർവേ പൂർത്തിയാക്കിയ ബാക്കി സ്ഥലത്തിന്റെ സ്‌കെച്ച് ഉടൻ തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. അവശേഷിക്കുന്ന സർവേ നടപടികൾക്കായി സർവേയർമാരുടെ എണ്ണം കുറയാതെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കും. 3എ പുനർവിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിച്ച് രണ്ട് മാസത്തിനുള്ളിൽ 3ഡി വിജ്ഞാപനത്തിലേക്ക് കടക്കാനാകുമെന്ന് യോഗം വിലയിരുത്തി. അങ്കമാലി മുതൽ കുണ്ടന്നൂർ വരെ 44 കി.മീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.