കൊച്ചി: മാനുഷരെല്ലാരും ഒന്നുപോലെയെന്ന ഓണസന്ദേശത്തെ പ്രയോഗത്തിൽ വരുത്തിയ മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവനെന്ന് പ്രമുഖ സംസ്കൃത പണ്ഡിതനും ബി.ഇ.എം.എൽ. ലാൻഡ് അസറ്റ്സ് ലിമിറ്റഡ് ഡയറക്ടറുമായ ഡോ.എം.വി. നടേശൻ പറഞ്ഞു. ഗുരുദേവ സത്സംഗം കൊച്ചിയുടെ ഓണാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കള്ളവും ചതിയുമില്ലാതെ മനുഷ്യരെ ഒന്നായി കാണുന്ന മലയാളിയുടെ സാംസ്കാരിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഓണം. അതിൽ കലയും കച്ചവടവും, ആഘോഷവും ആചാരവും, വിശ്വാസവും വിനോദവും ഇഴപിരിക്കാനാവാത്ത വിധം ചേർന്നിരിക്കുന്നുണ്ടെന്നും ഡോ. നടേശൻ പറഞ്ഞു.
സത്സംഗം വൈസ് പ്രസിഡന്റ് ഇ.ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സത്സംഗം പ്രസിഡന്റ് ടി.എം. വിജയകുമാർ, എം.വി. പ്രതാപൻ, ഗിരിജ രവി, ജോ.സെക്രട്ടറി സൗദാമിനി ഭാസ്കരൻ, വൈസ് പ്രസിഡന്റ് കെ.വി. സുരേന്ദ്രൻ, ഷീബ അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.