കൊച്ചി: ഇരുചക്രവാഹനം ഓടിച്ച ഡിഗ്രി വിദ്യാർത്ഥിയെ തടഞ്ഞുനിറുത്തി ബാഗ് പരിശോധിച്ച് അപമാനിച്ചെന്ന പരാതിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടു. ആരോപണവിധേയനായ കുളമാവ് മുൻ എസ്.ഐക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്.

വിദ്യാർത്ഥിയോട് പൊതുസ്ഥലത്ത് മാന്യമായും വിവേകത്തോടെ പെരുമാറുന്നതിലും കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും എസ്.ഐയുടെ ഭാഗത്ത് വീഴ്ചസംഭവിച്ചെന്ന് ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണവിഭാഗം കണ്ടെത്തി. കോതമംഗലത്ത് ഡിഗ്രിക്ക് പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ 2022 ആഗസ്റ്റ് 23ന് രാത്രി 11.40 നാണ് നാടുകാണിയിൽവച്ച് കുളമാവ് എസ്.ഐ തടഞ്ഞുനിറുത്തിയത്. അസഭ്യം പറഞ്ഞെന്നും അന്യായമായി ദേഹപരിശോധന നടത്തിയെന്നുമായിരുന്നു പരാതി. ബാഗിലുണ്ടായിരുന്ന ലാപ്ടോപ്പിനും ക്യാമറയ്ക്കും തകരാർ സംഭവിച്ചെന്നും പരാതിയിലുണ്ടായിരുന്നു.

പൊലീസുകാർ ബാഗ് വലിച്ചെടുത്തപ്പോൾ തോളെല്ലിനുണ്ടായ ക്ഷതത്തിന് വിദ്യാർത്ഥി രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയി​രുന്നു. സംഭവത്തി​ന് ഒരുമാസംമുമ്പ് ഇതേ വാഹനത്തിൽ സഞ്ചരിക്കവേ വിദ്യാർത്ഥിയുമായി ഇതേ പൊലീസ് സംഘം പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ തർക്കമുണ്ടായതായും കമ്മിഷൻ അന്വേഷണവിഭാഗം കണ്ടെത്തി. വിദ്യാർത്ഥി വിദേശത്താണെന്നും കൂടുതൽ നടപടികൾ ആവശ്യമില്ലെന്നും പിറവം നെച്ചൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ പിതാവ് കമ്മിഷനെ അറിയിച്ചു.