ph

കാലടി: പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും ആലുവ ഹൃദയ കെയർ ഹാർട്ട് ഇസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടറുമായ ഡോ. ഗോപാലകൃഷ്ണൻ എ. പിള്ള (67) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇരുമ്പനം അമ്പാടി വീട്ടിൽ തറവാട്ടു വളപ്പിൽ നടക്കും. രാവിലെ 9 ന് നീലീശ്വരം ഈറ്റക്കടവിലെ വീട്ടിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്‌ക്കും. 10 മണിക്കു ശേഷം തറവാട്ടു വീട്ടിൽ കൊണ്ടുപോകും.

സോവിയറ്റ് യൂണിയനിൽ നിന്ന് കാർഡിയോ വാസ്കുലാർ സർജറിയിൽ മാസ്റ്റർ ബിരുദവും പി.എച്ച്. ഡി യും കരസ്ഥമാക്കി യു.എസ്. എസ് ആറിലെ മെഡിക്കൽ സേവനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. മണിപ്പാൽ ആശുപത്രി, തിരുവനന്തപുരം ഉത്രാടം തിരുനാൾ ആശുപത്രി, എറണാകുളം ലക്ഷ്മി ആശുപത്രി, മെഡിക്കൽട്രസ്റ്റ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ കാർഡിയോളജി ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് 'കാൻഡിയിൽ' സുവസേവന ആശുപത്രി ആരംഭിച്ചതും ഡോ.ഗോപാലകൃഷ്ണൻ പിള്ളയുടെ നേത്വത്ത്വത്തിലായിരുന്നു. മേഖലയിലെ മികച്ച സേവനങ്ങൾ മാനിച്ച് മുൻ രാഷ്ട്രപതി കെ.ആർ. നാരായണനിൽ നിന്ന് ഹിന്ദ് രത്തൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. പിന്നീട് സർജറിയിൽ നിന്ന് പിൻമാറി ഹൃദ്‌രോഗികൾക്കായി വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഇ. ഇ. സി. പി. എന്ന സർജറി രഹിത ഹൃദയ ചികിത്സാ രീതി കേരളത്തിൽ പരിചയപ്പെടുത്തി. ഇതിനായി 2012-ൽ ആലുവയിൽ ഹൃദയ കെയർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. അതിന്റെ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.

ഭാര്യ: യുക്രൈൻ സ്വദേശിനി സ്വെറ്റ്ലാന. മക്കൾ: ജോളിയോൻ പിള്ളയ് (ഓസ്ട്രേലിയ) ഡോ: സജ്ജയ് പിളൈയ് (ഹൃദയ കെയർ, ആലുവ), മരുമകൾ: ഡോ. സെറാ ജോളിയോൻ.