മൂവാറ്റുപുഴ: ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് മൂവാറ്റുപുഴ പൊലീസ് അരക്കുഴ പഞ്ചായത്തിലെ വള്ളിക്കട സ്വദേശിയായ അമൽ ആന്റണിയെ ആളുമാറി മർദ്ദിച്ച സംഭവം നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ചു.
ആഗസ്റ്റ് 12-ന് ഉച്ചയ്ക്ക് മഫ്തയിൽ അമലിന്റെ വീട്ടിലെത്തിയ പൊലീസ്, മാതാവിന്റെ മുന്നിൽ നിന്ന് അമലിനെ ബലമായി ജീപ്പിലേക്ക് കയറ്റി. ‘ബാറ്ററി സ്വന്തം വീട്ടിലെ കേടായ ഇൻവെർട്ടറിന്റെതാണെന്ന അമലിന്റെയും മാതാവിന്റെയും അപേക്ഷയെ അവഗണിച്ച്, ജീപ്പിനുള്ളിൽ വച്ച് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. പൊലീസ് മർദ്ദനത്തിൽ അമലിന്റെ മുതുകിനും കഴുത്തിനും ഗുരുതര പരിക്കേറ്റിരുന്നതാണ് മെഡിക്കൽ റിപ്പോർട്ട്. ഒരു മാസത്തിനു ശേഷവും ചികിത്സയിലാണ്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനിടെയുണ്ടായ ‘നിസഹകരണം’ മൂലമാണ് അമലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും കടയുടമയുടെ സ്ഥിരീകരണത്തിന് ശേഷം വിട്ട് അയക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഒരു മാസത്തിൽ അധികം പിന്നിട്ടിട്ടും നിയമസഭയിൽ ചോദ്യം ഉയർന്നപ്പോൾ മാത്രമാണ് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകാൻ പോലും തയ്യാറായതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.