plant

ആലുവ: പാലസ് റോഡിൽ വടക്കുവശം പെരിയാർ തീരത്ത് വർഷങ്ങളായി പ്രവർത്തനരഹിതമായ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മലിനജല സംസ്കരണ പ്ളാന്റിൽ മോഷണം നടന്നതായി പരാതി. മരത്തിന്റെ വാതിൽ, ജനൽ പാളികൾ, കട്ടിൽ, കിടക്ക, ഗേറ്റ്, ശിലാഫലകം എന്നിവയാണ് കാണാതായത്.

ചൊവ്വാഴ്ച രാത്രിയാണ് മോഷണം. നഗരസഭാ ചെയർമാൻ എം.ഒ. ജോണിന്റെ നിർദ്ദേശപ്രകാരം സെക്രട്ടറി പി.ജെ. ജെസിതയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അഞ്ച് ദിവസം മുമ്പ് മലിനജല സംസ്കരണ പ്ളാന്റിലേക്കുള്ള വഴി അടച്ചുകെട്ടിയ വിഷയവും ഇന്നലെ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം, പ്ളാന്റ് വർഷങ്ങളായി പ്രവർത്തനരഹിതമായതിനാൽ കാടുപിടിച്ച് കിടക്കുകയാണ്. സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട്. പ്ളാസ്റ്റിക് മാലിന്യം ഉൾപ്പെടെ കൂട്ടിയിട്ട് കത്തിക്കലും പതിവാണ്. കഴിഞ്ഞയാഴ്ച സാമൂഹിക വിരുദ്ധരുടെ ശല്യത്തെ തുടർന്ന് അദ്വൈതാശ്രമത്തിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടിയിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം ആശ്രമത്തിന്റെ സ്ഥലത്ത് ഗേറ്റും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ രാത്രി പ്ളാന്റിൽ വീണ്ടും മോഷണം നടന്നത്.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം പെരിയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നപ്പോൾ കാന പെരിയാറിലേക്ക് എത്തുന്ന ഭാഗത്ത് കൂടുതൽ മലിനജല സംസ്കരണ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ലെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ഏ പ്ളാന്റ് പ്രവർത്തന സജ്ജമാക്കാനും നഗരസഭയ്ക്ക് കഴിഞ്ഞിരുന്നില്ല.