കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ മിന്നൽസമരം നടത്തിയ സെക്രട്ടറി അടക്കമുള്ള ഏഴ് ജീവനക്കാർക്കെതിരെ നടപടിയുമായി ഭരണസമിതി. 2024 നവംബർ 18 നായിരുന്നു സമരം.

പഞ്ചായത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് പൊതുജനങ്ങളെ തടയൽ, പൊതു വിഭവങ്ങളുടെ ദുരുപയോഗം, സ്വഭാവ ദൂഷ്യം, അച്ചടക്കരാഹിത്യം, പഞ്ചായത്ത് അംഗത്തിന്റെ അയോഗ്യത ഇലക്ഷൻ കമ്മിഷനിൽ നിന്ന് മറച്ചുവയ്ക്കൽ, അയോഗ്യനായ അംഗത്തിന് പൊതുഖജനാവിൽ നിന്ന് പണം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ഭരണസമിതി ചുമത്തിയിരിക്കുന്നത്. ഇതിന്മേൽ നൽകിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്തി രാജ് നിയമപ്രകാരം നടപടി എടുത്തതെന്ന് പ്രസിഡന്റ് ജാൻസി ഡേവിസ് അറിയിച്ചു.

മുൻ സെക്രട്ടറിയായിരുന്ന ദീപു ദിവാകരന്റെ ഇൻക്രിമെന്റ് മൂന്നുവർഷത്തേയ്ക്ക് തടഞ്ഞുവെന്നും അയോഗ്യനായ അംഗത്തിന് പൊതുജനാവിൽ നിന്ന് ഓണറേറിയവും സി​റ്റിംഗ് ഫീസും നൽകി സർക്കാരിന് നഷ്ടം വരുത്തിയ തുക തിരിച്ചടയ്ക്കുവാനും ഉത്തരവ് നൽകിയെന്ന് പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സമരത്തിൽ പങ്കെടുത്ത മ​റ്റ് ഏഴ് ഉദ്യോഗസ്ഥരുടെ മൂന്നുവർഷത്തെ ഇൻക്രിമെന്റ് തടഞ്ഞു.