കൊച്ചി: ക്ഷീരമേഖലയിലെ പ്രതിസന്ധിയും ഉത്പാദന ചെലവുകളും കണക്കിലെടുത്ത് പാൽവില വർദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളിയ ഫെഡറേഷൻ ചെയർമാൻ കർഷകരെ ദ്രോഹിക്കുകയാണെന്ന് എറണാകുളം മേഖലാ യൂണിയൻ ആരോപിച്ചു. പാൽവില വർദ്ധിപ്പിക്കുന്നതിന് തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ലംഘിക്കപ്പെട്ടു. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഭരണസമിതിയുടെ ഉത്തരവാദിത്വങ്ങൾ നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന ചെയർമാന്റെ നിലപാടിൽ രണ്ടുയോഗങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായി മേഖലാ ചെയർമാൻ സി.എൻ. വത്സലൻപിള്ള പറഞ്ഞു.
2022ൽത്തന്നെ 49രൂപ ഉത്പാദന ചെലവുണ്ടെന്ന് മിൽമ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. അതിനുശേഷം ഉത്പാദന വസ്തുക്കളുടെ വിലയും കൂലിയും വർദ്ധിച്ചതിനാൽ ക്ഷീരകർഷകർ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആറുരൂപയെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് എറണാകുളം മേഖലാ യൂണിയൻ ആവശ്യപ്പെട്ടത്.
കർഷകപ്രതിനിധികൾ വരേണ്ട ഭരണസമിതിയിൽ ജനാധിപത്യം അട്ടിമറിച്ച് അഡ്മിനിസ്‌ട്രേറ്റർമാർ വഴി തിരഞ്ഞെടുക്കപ്പെട്ടവർ വന്നാൽ കർഷകർ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞദിവസം ചേർന്ന വാർഷിക പൊതുയോഗത്തിലും പ്രതിഷേധം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.