കളമശേരി: അറ്റകുറ്റപ്പണികൾ തീർത്ത് പമ്പ്ഹൗസ് പ്രവർത്തനം തുടങ്ങുകയും രണ്ടുദിവസത്തെ മഴയും കിട്ടിയതോടെ കർഷകരുടെ ആശങ്കമാറി ആശ്വാസമായി. ഏലൂർ വ്യവസായമേഖലയിൽ വടക്കുംഭാഗത്തെ കർഷകകൂട്ടായ്മ ഇരുപത് ഏക്കറിൽ നെൽക്കൃഷിക്ക് തുടക്കമിട്ടത് കഴിഞ്ഞ ജൂലായ് 10 നാണ്. നഗരസഭയും കൃഷിഭവനും ഫാക്ടും പിന്തുണച്ചു. എല്ലാ രാഷ്ട്രീയകക്ഷികളും ഒത്തുചേർന്ന് നാടിന്റെ ഉത്സവമായിമാറി. വിത്തുവിതച്ചു ഞാറുനടീലും കഴിഞ്ഞ് പാടശേഖരങ്ങൾ പച്ചപുതച്ചു. കാണാൻ സന്ദർശകരേറെയെത്താൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വെള്ളം കിട്ടാതായതോടെ കർഷകർക്ക് ആശങ്കയായി. പമ്പ് ശരിയായി മഴയും പെയ്തതോടെ ആശ്വാസമായി.