
ആലുവ: തോട്ടക്കാട്ടുകര പെരിയാക്കാപാലത്തിന് സമീപം മോഷണ ശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ബംഗാൾ സ്വദേശി സത്നമാണ് (28) പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ പെരിക്കപ്പാലം കടവിനു സമീപം നിഷാന്തിന്റെ വീട്ടിലാണ് മോഷ്ടാവെത്തിയത്. ജനലിനു സമീപം ആളനക്കം കണ്ട് വീട്ടുകാർ വാതിൽ തുറന്നതോടെ മോഷ്ടാവ് അകത്തു കയറാൻ ശ്രമിച്ചു. വീട്ടുകാർ ബഹളം വച്ചപ്പോൾ ഇയാൾ മതിൽ ചാടി ഓടുകയായിരുന്നു. പിൻതുടർന്ന് സമീപത്തെ പറമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ ബിനാനിപുരം പൊലീസിന് കൈമാറി.
പെരിക്കപ്പാലത്തിനു സമീപം ആലുവ നഗരസഭ പരിധിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് നേരത്തെ മാരകായുധങ്ങൾ കണ്ടെടുത്തിരുന്നു. ഒരിടവേളക്കു ശേഷം വീണ്ടും മോഷണവും മോഷണ ശ്രമവുമുണ്ടായ സാഹചര്യത്തിൽ പൊലീസ് രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കണമെന്ന് കോൺഗ്രസ് നേതാവ് ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.