കൊച്ചി: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ബി.എം.എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി സെൻട്രൽ ഉപമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പദയാത്ര നടത്തി. എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച പദയാത്ര സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പദയാത്രാ ജാഥാ ക്യാപ്ടൻ എൽ. ഗോപാലകൃഷ്ണ കമ്മത്ത്, വൈസ് ക്യാപ്ടൻ എം.ബി.അനിൽകുമാർ, മാനേജർ ജി. സജേഷ്, ബി.എം.എസ് മേഖലാ സെക്രട്ടറി പി.വി. റെജി, മേഖലാ ട്രഷറർ ടി.വി. ശ്രിജിൽലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലെ 9ന് ആരംഭിച്ച പദയാത്ര വൈകീട്ട് 5ന് ബോട്ട് ജെട്ടിയിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം തടയുക, ക്രമസമാധാനം സംരക്ഷിക്കുക, നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ഇരുപത്തിയഞ്ചോളം ആവശ്യങ്ങൾ ഉയത്തിയാണ് പദയാത്രകൾ സംഘടിപ്പിക്കുന്നത്.