കോതമംഗലം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കീരമ്പാറ ചെങ്ങമനാട്ട് സി.ജെ. എൽദോസ് (69) മരിച്ചു. തിങ്കളാഴ്ച രാവിലെ കോതമംഗലത്തുവച്ച് സി.ജെ. എൽദോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നാലെവന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുട്ടമ്പുഴ കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഊഞ്ഞാപ്പാറയിലെ വീട്ടിൽ രാവിലെ 10ന് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കുട്ടമ്പുഴ സെന്റ് മേരീസ് ചാപ്പലിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: മിനി (കുട്ടമ്പുഴ വനിതാ സഹകരണ സംഘം സെക്രട്ടറി). മക്കൾ: ബേസിൽ, മരിയ. മരുമക്കൾ: മെറിൻ, ജോയൽ.
കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ്, സേവാദൾ നിയോജകമണ്ഡലം ചെയർമാൻ, ഐ.എൻ.ടി.യു.സി റീജിയണൽ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. വീക്ഷണം പ്രാദേശിക ലേഖകനാണ്.
മലയോരമേഖലയായ മാമലക്കണ്ടത്തേക്ക് വൈദ്യുതി എത്തിക്കാൻ അന്ന് വൈദ്യുതിമന്ത്രി ആയിരുന്ന ജി. കാർത്തികേയനിൽനിന്ന് ആദ്യമായി സ്‌പെഷ്യൽ ഓർഡർ വാങ്ങിയത് സി.ജെ.എൽദോസാണ്.