slab

നെടുമ്പാശ്ശേരി: ദേശീയപാതയിൽ നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് സ്‌കൂളിന് മുന്നിലെ കാനയുടെ തകർന്ന സ്ലാബുകൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അപകടക്കെണിയായി കാനകൾ
സ്‌ളാബുകൾ തകർന്നും വശങ്ങൾ പൊട്ടിപ്പൊളിഞ്ഞും അപകടാവസ്ഥയിലായ കാനകളിൽ മലിനജലം കെട്ടിക്കിടക്കുന്നു. ഇത് മാരകമായ രോഗങ്ങൾ പടരാൻ കാരണമാകുമെങ്കിലും ദേശീയപാത അതോറിട്ടി സുരക്ഷയൊരുക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ കാനകൾ തിരിച്ചറിയാൻ പോലും കഴിയില്ല. വലിയ വാഹനങ്ങൾ റോഡരികിൽ ഒതുക്കിനിറുത്തുമ്പോൾ കാനകളുടെ സ്ലാബുകൾ കൂടുതൽ തകരുകയും അപകട സാദ്ധ്യതയും വർദ്ധിക്കുന്നു.

അധികൃതരുടെ അനാസ്ഥ
ദേശീയപാതാ നിർമ്മാണ സമയത്ത് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പലയിടങ്ങളിലും തകർന്ന സ്ലാബുകളാണ് കാനകൾക്ക് മുകളിലുള്ളത്. നടപ്പാതകളായി ഉപയോഗിക്കുന്നതിനാൽ അപകടങ്ങൾ പതിവാണ്. ചിലയിടങ്ങളിൽ കാനകളുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങളില്ലാത്തതിനാൽ മലിനജലം കെട്ടിക്കിടന്ന് രോഗാണുക്കൾ പെരുകുന്നു. സ്‌കൂളിന് മുന്നിലെ കാനകളിലും മലിനജലം കെട്ടിക്കിടക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.