തൃശൂർ: വിശ്വാസത്തിനു മീതേ കരുണയുടെ മുദ്ര പതിപ്പിച്ച ആചാര്യനായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന് മന്ത്രി കെ. രാജൻ അനുസ്മരിച്ചു. താൻ ഉപാസിച്ച ദൈവത്തെയും ആ ദൈവത്തിന്റെ വചനത്തെയും മറ്റുള്ളവർക്ക് പകരുന്നതിൽ അദ്ദേഹം സ്വീകരിച്ചത് വിശുദ്ധമായ കരുണയുടെ വഴികളാണ്. മലയോര മേഖലയുടെ ഇടയനായി മാനന്തവാടി രൂപതയിൽ ചുമതലയേറ്റ തൂങ്കുഴി പിതാവ് വലിയ നർമ്മബോധത്തിന്റെയും തികഞ്ഞ വാത്സല്യത്തിന്റെയും വാക്കുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചത്. തീരെ പതിഞ്ഞ ശബ്ദത്തിൽ ഒരു സംഗീതം ആസ്വദിക്കുന്നതുപോലെ പലപ്പോഴും അദ്ദേഹത്തിന്റെ സംസാരം ശ്രദ്ധിച്ചിരിക്കാൻ സാധിച്ചിട്ടുണ്ട്.
സങ്കീർണ്ണമായ കാര്യങ്ങളെ അതേ സരളതകൊണ്ട് അദ്ദേഹം തേജോമയമാക്കി. സഭയെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലേക്ക് വികേന്ദ്രീകരിക്കുകയും ക്രിസ്തുവിന്റെ സ്നേഹം ഏവർക്കും ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിൽ തന്റെ അജപാലന ശുശ്രൂഷയെ അദ്ദേഹം പരുവപ്പെടുത്തിയെന്ന് മന്ത്രി രാജൻ അനുസ്മരിച്ചു.