കൊച്ചി: കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനുള്ള വിജിലൻസിന്റെ സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിനെതിരെ അഗ്നിരക്ഷാസേനാ മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത നൽകിയ ഹർജി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി പറയാൻ മാറ്റി. ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് സുനിൽ തോമസ്, വി. രമ മാത്യു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.
സംസ്ഥാന പൊലീസ് മേധാവിയും വിജിലൻസും ചീഫ് സെക്രട്ടറിക്കു നൽകിയ ക്ലിയറൻസിന്റെ രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ നേരത്തെ ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു. തുടർന്നു മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി. ഹർജിക്കാരനായി അഡ്വ. ഗിരിജ കെ. ഗോപാൽ ഹാജരായി.
വിജിലൻസ് ഡയറക്ടർ ആയിരിക്കുമ്പോഴെടുത്ത തീരുമാനങ്ങൾ സംബന്ധിച്ച് യോഗേഷ് ഗുപ്തയ്ക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയാക്കാതെ വിജിലൻസ് ക്ലിയറൻസ് നൽകാനാവില്ലെന്നുമാണ് സർക്കാർ ട്രൈബ്യൂണലിൽ അറിയിച്ചത്.