ചോറ്റാനിക്കര: വെട്ടിക്കൽ തിരുവാണിയൂർ മേഖലയെ പിടിമുറുക്കി ലഹരിമാഫിയാ സംഘങ്ങൾ. യുവാക്കളെയും വിദ്യാർത്ഥികളെയും വലയിലാക്കിയാണ് മാഫിയാസംഘം കൊഴുക്കുന്നത്. മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും യഥേഷ്ടം ലഭിക്കുന്ന കേന്ദ്രമായി വെട്ടിക്കലും തിരുവാണിയൂർ പരിസരങ്ങളും മാറി. കഞ്ചാവും സിന്തറ്റിക് ലഹരി മരുന്നുകളാണ് കൂടുതലും. ഏജന്റുമാരും ഉപഭോക്താക്കളും സജീവമാണ്. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും ലഹരിമരുന്നു വില്പനയും ഉപയോഗവും വ്യാപകമാണെന്ന് ആരോപണമുണ്ട്.
യുവതി യുവാക്കൾക്ക് ഡ്രൈഡേ ദിവസങ്ങളിൽപ്പോലും മദ്യം എത്തിച്ചുകൊടുക്കുന്ന പ്രത്യേകസംഘങ്ങളും പ്രദേശത്ത് സജീവമാണ്. നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനവും രാവിലെമുതൽ സജീവമാണ്. മറ്റു സ്ഥലങ്ങളിൽനിന്ന് സംഘമായി എത്തുന്നവർ വിപണനം നടത്തുന്നതിനോടൊപ്പം നാട്ടുകാരുമായി അടിപിടിയും പതിവാണ്. ഹോസ്റ്റലുകളും യുവാക്കൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുമാണ് ലഹരിമാഫിയ പ്രവർത്തിക്കുന്നതെന്നാണ് പരാതി.
* സമീപത്തുള്ള റബർതോട്ടങ്ങളിലും ഇടവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും യുവതീയുവാക്കൾ സംഘംചേർന്ന് ലഹരി ഉപയോഗിക്കുന്നു
* ചോദ്യംചെയ്യുന്നവരെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായി
* ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും വർദ്ധിച്ചുവരുന്നു
* രാത്രിയായാൽ കുടുംബസമേതം വഴി നടക്കുവാൻപോലും കഴിയാത്ത അവസ്ഥയാണ്
* വെട്ടിക്കൽ പ്രദേശത്ത് രാത്രി ആയാൽ അടിപിടി പതിവായി
* ലഹരിമാഫിയാ സംഘങ്ങളെ അമർച്ചചെയ്യാൻ എക്സൈസ്, പൊലീസ് സംയുക്ത പരിശോധനയും പട്രോളിംഗും ശക്തമാക്കണം
കഴിഞ്ഞദിവസം രണ്ടുപേരെ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തിരുന്നു. ശക്തമായ പരിശോധന തുടരും.
മനോജ് കെ.എൻ,
എസ്.എച്ച്.ഒ
ചോറ്റാനിക്കര പൊലീസ്
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ പോരാടാൻ ബി.ജെ.പി മുന്നിലുണ്ടാകും. അക്രമികളെ നിലയ്ക്കുനിറുത്താനുള്ള ഏതുശ്രമത്തേയും പിന്തുണയ്ക്കും.
അരുൺകുമാർ കെ.ആർ,
ബി.ജെ.പി കോലഞ്ചേരി മണ്ഡലം പ്രസിഡന്റ്