കോലഞ്ചേരി: കടലാസിലൊതുങ്ങി മാമല - ചിത്രപ്പുഴ ബൈപ്പാസ് റോഡ്. സംസ്ഥാന സർക്കാർ 75 കോടി രൂപ അനുവദിച്ച റോഡാണിത്. തിരുവാങ്കുളം കരിങ്ങാച്ചിറ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു പതി​റ്റാണ്ടുമുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് എങ്ങുമെത്താതെ കടലാസിൽ ഒതുങ്ങിയത്.

ആവശ്യമായ ഭൂമിയുടെ ഭൂരിപക്ഷവും ഉടമകൾ സൗജന്യമായി വിട്ടുനൽകാൻ സമ്മതപത്രവും നൽകിയതാണ്. 2.4 കിലോമീ​റ്റർ വരുന്ന റോഡിന് ഒരാളെയും കുടിയൊഴിപ്പിക്കാതെയുള്ള അലൈൻമെന്റും ഉണ്ടാക്കിയിരുന്നു. ഇത്രയും അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും റോഡ് യാഥാർത്ഥ്യമായില്ല. അഞ്ച് വർഷം മുമ്പ് യാഥാർത്ഥ്യമാകുമെന്ന സാഹചര്യത്തിൽ എത്തിയെങ്കിലും കൈവിട്ടു പോവുകയായിരുന്നു.

ചിത്രപ്പുഴ ഐ.ഒ.സി പമ്പിന് സമീപത്തുനിന്ന് റോഡ് തുടങ്ങാനായിരുന്നു തീരുമാനം. 2017-18ൽ സംസ്ഥാന സർക്കാർ ബഡ്ജ​റ്റ് വിഹിതമായി കിഫ്ബിയിൽ 75 കോടി രൂപ വകയിരുത്തി. എന്നാൽ കിഫ്ബി ഫണ്ട് റോഡുകളുടെ ധനവിനിയോഗ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണെന്നു പറഞ്ഞ് പദ്ധതി രൂപരേഖ തയ്യാറാക്കാനുള്ള ചുമതല ഇവർക്ക് കൈമാറി.

ആരും ടെൻഡർ എടുത്തില്ല

ചിത്രപ്പുഴ തോട്ടിലെ ചെളി ഡ്രഡ്ജ് ചെയ്ത് ബണ്ട് റോഡ് നിർമിക്കാനായിരുന്നു ആദ്യപദ്ധതി. അതിനായി മുനിസിപ്പാലി​റ്റി ബഡ്ജ​റ്റിൽ തുക നീക്കിവച്ചു. ചെളി നീക്കംചെയ്യാൻ വേണ്ട തുക കുറവായതിനാൽ ആരും ടെൻഡർ എടുത്തില്ല. പിന്നീട്, ഈ റോഡ് നിർമ്മിക്കാൻ മുനിസിപ്പാലി​റ്റി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചു.

പൈപ്പ് ലൈനിൽ തട്ടി പദ്ധതി തകർന്നു

സേലം വാതക പൈപ്പ് ലൈൻ ആവശ്യത്തിനായി ഇതേ അലൈൻമെന്റിലുള്ള ഭൂമിയിലൂടെ ബി.പി.സി.എൽ കൊച്ചി റിഫൈനറി ഉദയംപേരൂരിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചു. വാതക പൈപ്പ് ലൈൻ വന്നതിനാൽ റോഡ് നിർമ്മിക്കാൻ പ​റ്റില്ലെന്ന് വാദവുമായി പൊതുമരാമത്ത് വകുപ്പെത്തി. വാതക പൈപ്പ് ലൈനുകൾ മ​റ്റു പലയിടത്തും റോഡുകൾക്കടിയിലൂടെയാണ് പോകുന്നത്. കൊച്ചി നഗരത്തിൽ നിലവിലെ റോഡ് തുരന്ന് തന്നെ വാതക പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുമുണ്ട്. ഈ തടസവാദങ്ങൾക്ക് അർത്ഥമില്ലെന്ന് എണ്ണക്കമ്പനി അധികൃതരും പറയുന്നു.

എന്നാൽ, പൈലിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൈപ്പ് ലൈനോട് ചേർന്ന് ചെയ്യാനാകില്ല എന്നാണ് അധികൃതരുടെ വാദം. റെസിഡന്റ്‌സ് അസോസിയേഷൻ സംഘടനകളും മ​റ്റും കളക്ടർക്ക് പരാതി നൽകി. പൈപ്പ് ലൈനിന് ഒപ്പം തന്നെ റോഡ് കൊണ്ടുപോകാൻ വേണ്ട പദ്ധതി തയ്യാറാക്കാൻ കമ്പനികൾ അവരുടെ വൈദഗ്ദ്ധ്യമുള്ള എൻജിനിയർമാരുടെ സഹായം ഉറപ്പുനൽകി. സമയബന്ധിതമായി പുതിയ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത്, എണ്ണക്കമ്പനികളുടെയും പൈപ്പ് ലൈൻ കമ്പനിയുടെയും പ്രതിനിധികളെ ചുമതലപ്പെടുത്തി. പക്ഷേ, കാര്യങ്ങൾ പഴയപടി തന്നെയായി.